1947 ൽ ഭഗവതിക്കൽ ക്ഷേത്രമൈതാനിയിൽ ഒത്തുകൂടിയ ഒരു പറ്റം ചെറുപ്പക്കാരാണ് പറവൂർ പബ്ലിക് ലൈബ്രറിക്ക് തുടക്കം കുറിച്ചത്.
അന്ന് ഒരു വാടക കെട്ടിടത്തിൽ ആണ് പ്രവർത്തനം ആരംഭിച്ചത്. 1957 ൽ സ്വന്തമായി സ്ഥലം സമ്പാദിച്ച് പുതിയ മന്ദിരം നിർമിച്ചു.
1988 ൽ അവിടെ ബഹുനില മന്ദിരം പണിയുകയും വിപുലമായ പ്രവർത്തനങ്ങളോടെ കേരളത്തിലെ ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാല
എന്ന പേരു നേടുകയും ചെയ്തു.
44000 ൽ അധികം പുസ്തകങ്ങളും 3000 ൽ അധികം അംഗങ്ങളും ഗ്രന്ഥശാലയ്ക്കുണ്ട്.
കേരളത്തിലെ മികച്ച ഗ്രന്ഥശാലകൾക്ക് സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന ഇ.എം.എസ്. അവാർഡ്,
സമാധാനം പരമേശ്വരൻ അവാർഡ് തുടങ്ങി എണ്ണമറ്റ പുരസ്കാരങ്ങൾക്ക് ഗ്രന്ഥശാല അർഹമായിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ശ്രീ.വിഎസ് അച്യുതാനന്ദൻ, മുൻമന്ത്രി ശ്രീ. ജി സുധാകരൻ,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
ശ്രീമതി.സി എസ് സുജാത തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികൾ ലൈബ്രറിയുടെ ആയുഷ്കാല അംഗങ്ങളാണ്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ലൈബ്രറി കെട്ടിടം പൊളിച്ചു മാറ്റേണ്ടി വന്ന സാഹചര്യത്തിൽ ലൈബ്രറി
പ്രവർത്തകരിൽ നിന്ന് സമാഹരിച്ച തുക കൊണ്ട് വാങ്ങിയ സ്ഥലത്ത് ജി സുധാകരൻ എംഎൽഎയുടെ ആസ്തി വികസന
ഫണ്ടിൽ നിർമ്മിച്ച മൂന്ന് നിലകെട്ടിടത്തിൽ പറവൂർ ജംഗ്ഷന് സമീപമാണ് നിലവിൽ ലൈബ്രറി പ്രവർത്തിക്കുന്നത്.